അഗ്ലൂട്ടിനേഷൻ (ഭാഷാശാസ്ത്രം)

ഒരു പദത്തോടോ, ധാതുവിനോടോ ഉപസർഗങ്ങൾ ചേർത്ത് വ്യാകരണപരമായ സവിശേഷതകൾ ഉണ്ടാക്കുന്ന ഭാഷാശാസ്ത്ര പ്രക്രിയയ്ക്ക് അഗ്ലൂട്ടിനേഷൻ (ഭാഷാശാസ്ത്രം) എന്നു പറയുന്നു. അഗ്ളൂട്ടിനേഷൻ ലത്തീൻ ഭാഷയിലുള്ള ഗ്ളൂട്ടിനേർ (glutinare) എന്ന പദത്തിൽനിന്നും രൂപം കൊണ്ടതും പശകൊണ്ട് ഒട്ടിക്കുക എന്നർഥം വരുന്നതും ആയ ഒരു സംജ്ഞ ആണ്. പ്രകൃതിയും പ്രത്യയങ്ങളും ഹാനികൂടാതെ ചേർന്നിരിക്കുന്നതുകൊണ്ട് അവയെ വേർപെടുത്തിക്കാണാനും പ്രയാസമില്ല. ഈ സംശ്ളേഷണം ഒരു സവിശേഷതയായിട്ടുള്ള ഭാഷാഗോത്രങ്ങളാണ് ഫിന്നോ ഉഗ്രിക്, തുർക്കി, ബാന്തു, ദ്രാവിഡം തുടങ്ങിയവ. ഇത്തരം ഭാഷകൾ സംശ്ളിഷ്ടകക്ഷ്യയിൽപെടുന്നതായി ഡോ. കെ. ഗോദവർമ കേരളഭാഷാവിജ്ഞാനീയത്തിൽ വിവരിച്ചിട്ടുണ്ട്.


ഒന്നിനുമേലൊന്നായി ദ്യോതകശബ്ദങ്ങളെ പ്രകൃതിയോടു സംശ്ളേഷിച്ചു വാക്കുകൾ പ്രയോഗിക്കുന്ന ഈ രീതി വിശദമാക്കാൻ മലയാളത്തിലെ മരങ്ങളിലെ എന്ന പദം എടുക്കാം. ഇതിൽ മരം എന്ന പ്രകൃതിയിൽ കൾ, ഇൽ, ഏ - എന്നീ പ്രത്യയങ്ങൾ ചേർത്ത് ഒരു പദമാക്കിയിരിക്കുന്നെങ്കിലും ആ പ്രത്യയങ്ങളുടെ തനിമ നശിക്കാതെ നിൽക്കുന്ന ഓരോ പ്രത്യയവും വ്യാകരണപരമായ ഓരോ പങ്കുവഹിക്കുന്നു. ഗുരുഭ്യഃ (ഗുരുക്കന്മാരിൽനിന്നും) എന്ന സംസ്കൃതപദത്തിലെ ഭ്യസ് എന്ന പ്രത്യയം നാലുദ്യോതകശബ്ദങ്ങളുടെ (കൾ, മാർ, ഇൽ, നിന്നും) കൃത്യം നിർവഹിക്കുന്നു. ഇതിൽ അഗ്ളൂട്ടിനേഷനല്ല, ഇൻഫ്ളെക്ഷനാണ് പ്രക്രിയ. മറ്റൊരുദാഹരണമായി തുർക്കി ഭാഷയിലെ എലിംദേകെ (എന്റെ കൈയിലുണ്ട്) എന്ന ലഘുവാക്യമെടുക്കാം. എൽ (കൈയ്), എലിം (എൽ + ഇം = എന്റെ കൈയ്), എലിംദെ (എൽ + ഇം + ദെ = എന്റെ കൈയിൽ), കെ (ഉണ്ട്) എന്നീ ശബ്ദങ്ങൾ പ്രത്യേകം പ്രകടമാകുന്നതരത്തിൽ, അതായത് അംഗഭംഗം കൂടാതെ, സംയോജിച്ചിരിക്കുന്നു. ഇപ്രകാരമുള്ള സംയോജനപ്രക്രിയയ്ക്ക് അഗ്ളൂട്ടിനേഷൻ എന്ന് ഇംഗ്ളീഷിലും സംശ്ളേഷണം എന്നു മലയാളത്തിലും പറഞ്ഞുവരുന്നു.

  • പുറംകണ്ണികൾ

പുറംകണ്ണികൾ

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ അഗ്ലൂട്ടിനേഷൻ (ഭാഷാശാസ്ത്രം) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
Other Languages
العربية: لغة إلصاقية
azərbaycanca: Aqqlütinativ dillər
беларуская (тарашкевіца)‎: Аглютынацыйныя мовы
brezhoneg: Yezh daspegel
Esperanto: Aglutina lingvo
עברית: לשון מדבק
Bahasa Indonesia: Bahasa aglutinatif
íslenska: Viðskeytamál
日本語: 膠着語
한국어: 교착어
Bahasa Melayu: Bahasa lekatan
norsk nynorsk: Agglutinerande språk
sicilianu: Agglutinazzioni
srpskohrvatski / српскохрватски: Aglutinativni jezici
Simple English: Agglutinative language
slovenščina: Aglutinacijski jezik
Türkçe: Eklemeli diller
oʻzbekcha/ўзбекча: Agglyutinativ tillar
中文: 黏着语